Bible Versions
Bible Books

1 Chronicles 29 (MOV) Malayalam Old BSI Version

1 പിന്നെ ദാവീദ്‍രാജാവു സര്‍വ്വസഭയോടും പറഞ്ഞതുദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവും ഉള്ളവന്‍ ; പ്രവൃത്തിവലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.
2 എന്നാല്‍ ഞാന്‍ എന്റെ സര്‍വ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവേക്കു പൊന്നും വെള്ളികൊണ്ടുള്ളവേക്കു വെള്ളിയും താമ്രംകൊണ്ടുള്ളവേക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവേക്കു ഇരിമ്പും മരംകൊണ്ടുള്ളവേക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവര്‍ണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.
3 എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാന്‍ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു.
4 ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഔഫീര്‍പൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.
5 എന്നാല്‍ ഇന്നു യഹോവേക്കു കരപൂരണം ചെയ്‍വാന്‍ മന:പൂര്‍വ്വം അര്‍പ്പിക്കുന്നവന്‍ ആര്‍?
6 അപ്പോള്‍ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേല്‍വിചാരകന്മാരും മന:പൂര്‍വ്വദാനങ്ങളെ കൊണ്ടുവന്നു.
7 രത്നങ്ങള്‍ കൈവശമുള്ളവര്‍ അവയെ ഗേര്‍ശോന്യനായ യെഹീയേല്‍മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
8 അങ്ങനെ ജനം മന:പൂര്‍വ്വമായി കൊടുത്തതുകൊണ്ടു അവര്‍ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മന:പൂര്‍വ്വമായിട്ടായിരുന്നു അവര്‍ യഹോവേക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
9 പിന്നെ ദാവീദ് സര്‍വ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാല്‍ഞങ്ങളുടെ പിതാവായ യിസ്രായേലിന്‍ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .
10 യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.
11 ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.
12 ആകയാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
13 എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മന:പൂര്‍വ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കല്‍നിന്നല്ലോ വരുന്നതു; നിന്റെ കയ്യില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളു.
14 ഞങ്ങള്‍ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയില്‍ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴല്‍ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
15 ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാന്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള സംഗ്രഹമെല്ലാം നിന്റെ കയ്യില്‍നിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
16 എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ത്ഥതയില്‍ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാര്‍ത്ഥതയോടെ ഇവയെല്ലാം മന:പൂര്‍വ്വമായി തന്നിരിക്കുന്നു ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മന:പൂര്‍വ്വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
17 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തില്‍ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.
18 എന്റെ മകനായ ശലോമോന്‍ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാന്‍ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീര്‍പ്പാന്‍ ഇവയെല്ലാം നിവര്‍ത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ.
19 പിന്നെ ദാവീദ് സര്‍വ്വസഭയോടുംഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിന്‍ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
20 പിന്നെ അവര്‍ യഹോവേക്കു ഹനനയാഗങ്ങളെ അര്‍പ്പിച്ചു; പിറ്റെന്നാള്‍ യഹോവേക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
21 അവര്‍ അവന്നു യഹോവയുടെ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവേക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
22 അങ്ങനെ ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തില്‍ രാജാവായിരുന്നു കൃതാര്‍ത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
23 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോന്‍ രാജാവിന്നു കീഴ്പെട്ടു.
24 യിസ്രായേലൊക്കെയും കാണ്‍കെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലില്‍ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
25 ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
26 അവന്‍ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവന്‍ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
27 അവന്‍ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോന്‍ അവന്നു പകരം രാജാവായി.
28 എന്നാല്‍ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങള്‍ക്കും ഭവിച്ച കാലഗതികളും
29 ദര്‍ശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാന്‍ പ്രവാചകന്റെ പുസ്തകത്തിലും ദര്‍ശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×