Bible Versions
Bible Books

Ephesians 3 (MOV) Malayalam Old BSI Version

1 അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
2 നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു
3 ഞാന്‍ മീതെ ചുരുക്കത്തില്‍ എഴുതിയതുപോലെ വെളിപ്പാടിനാല്‍ എനിക്കു ഒരു ധര്‍മ്മം അറിയായ്‍വന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
4 നിങ്ങള്‍ അതുവായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മ്മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം.
5 മര്‍മ്മം ഇപ്പോള്‍ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വ്വകാലങ്ങളില്‍ മനുഷ്യര്‍ക്കും അറിയായ്‍വന്നിരുന്നില്ല.
6 അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
7 സുവിശേഷത്തിന്നു ഞാന്‍ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു.
8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു
9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി കൃപ നല്കിയിരിക്കുന്നു.
10 അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
11 അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.
12 അവനില്‍ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.
13 അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകയാല്‍ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാന്‍ അപേക്ഷിക്കുന്നു.
14 അതുനിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
15 പേര്‍ വരുവാന്‍ കാരണമായ പിതാവിന്റെ സന്നിധിയില്‍ മുട്ടുകുത്തുന്നു.
16 അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
17 ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ത്ഥിക്കുന്നു.
20 എന്നാല്‍ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്നു
21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×