Bible Versions
Bible Books

1 Corinthians 10 (MOV) Malayalam Old BSI Version

1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു;
2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
3 മോശെയോടു ചേര്‍ന്നു എല്ലാവരും
4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; പാറ ക്രിസ്തു ആയിരുന്നു
5 എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ.
7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുതു.
8 അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
9 അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുതു.
10 അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു.
11 ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
12 ആകയാല്‍ താന്‍ നിലക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ.
13 മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.
14 അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്‍ .
15 നിങ്ങള്‍ വിവേകികള്‍ എന്നുവെച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്‍ .
16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
17 അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ.
18 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍ ; യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്റെ കൂട്ടാളികള്‍ അല്ലയോ?
19 ഞാന്‍ പറയുന്നതു എന്തു? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
20 അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല.
21 നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.
22 അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?
23 സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്‍ദ്ധന വരുത്തുന്നില്ല.
24 ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
25 അങ്ങാടിയില്‍ വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്‍ .
26 ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിന്നുള്ളതല്ലോ.
27 അവിശ്വാസികളില്‍ ഒരുവന്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്‍ .
28 എങ്കിലും ഒരുവന്‍ ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
29 മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു?
30 നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നതു എന്തിന്നു?
31 ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിന്‍ .
32 യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .
33 ഞാനും എന്റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×