Bible Versions
Bible Books

1 Timothy 3 (MOV) Malayalam Old BSI Version

1 ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
2 എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം.
3 മദ്യപ്രിയനും തല്ലുകാരനും അരുതു;
4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൌരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം.
5 സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുതു.
7 നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാന്‍ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
8 അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ല്ലാഭമോഹികളും അരുതു.
9 അവര്‍ വിശ്വാസത്തിന്റെ മര്‍മ്മം ശുദ്ധമനസ്സാക്ഷിയില്‍ വെച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം.
10 അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്കട്ടെ.
11 അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
12 ശുശ്രൂഷകന്മാര്‍ ഏകഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.
13 നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
14 ഞാന്‍ വേഗത്തില്‍ നിന്റെ അടുക്കല്‍ വരും എന്നു ആശിക്കുന്നു;
15 താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.
16 അവന്‍ ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കും പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×