Bible Versions
Bible Books

Acts 7 (MOV) Malayalam Old BSI Version

1 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന്‍ ചോദിച്ചതിന്നു അവന്‍ പറഞ്ഞതു
2 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍ . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
3 നിന്റെ ദേശത്തെയും നിന്റെ ചാര്‍ച്ചക്കാരെയും വിട്ടു ഞാന്‍ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദായരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.
4 അവന്റെ അപ്പന്‍ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുംന്ന ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.
5 അവന്നു അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
7 അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ ന്യായം വിധിക്കും; അതിന്റെ ശേഷം അവര്‍ പുറപ്പെട്ടുവന്നു സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
8 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക്‍ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
9 ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
10 എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
11 മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി.
12 മിസ്രായീമില്‍ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
13 രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.
14 യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
15 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
16 അവരെ ശെഖേമില്‍ കൊണ്ടുവന്നു ശെഖേമില്‍ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.
17 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ദ്ധിച്ചു പെരുകി.
18 ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില്‍ വാണു.
19 അവന്‍ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള്‍ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
20 കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില്‍ പോറ്റി.
21 പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്റെ മകള്‍ അവനെ എടുത്തു തന്റെ മകനായി വളര്‍ത്തി.
22 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്നു.
23 അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി.
24 അവരില്‍ ഒരുത്തന്‍ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
25 ദൈവം താന്‍ മുഖാന്തരം അവര്‍ക്കും രക്ഷ നലകും എന്നു സഹോദരന്മാര്‍ ഗ്രഹിക്കും എന്നു അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.
26 പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.
27 എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?
28 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
29 വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
30 നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി.
31 മോശെ ദര്‍ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന്‍ അടുത്തുചെല്ലുമ്പോള്‍
32 ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്‍ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന്‍ തുനിഞ്ഞില്ല.
33 കര്‍ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു ഊരിക്കളക.
34 മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
35 നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
36 അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
37 ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ.
38 സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.
39 നമ്മുടെ പിതാക്കന്മാര്‍ അവന്നു കീഴ്പെടുവാന്‍ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു
40 ഞങ്ങള്‍ക്കു മുമ്പായി നടപ്പാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്‍നിന്നു നടത്തിക്കൊണ്ടുവന്ന മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
41 അന്നേരം അവര്‍ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.
42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു.
43 “യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന്‍ ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
44 നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
45 നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
46 അവന്‍ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു.
47 ശലോമോന്‍ അവന്നു ഒരു ആലയം പണിതു.
48 അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും
49 “സ്വര്‍ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം?
50 എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ.
51 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.
52 പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന്‍ അറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു.
53 അവന്നു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കുലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
54 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു
56 ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
57 അവര്‍ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,
58 അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൌല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്‍ക്കല്‍ വെച്ചു.
59 കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു.
60 അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×