Bible Versions
Bible Books

Galatians 2 (MOV) Malayalam Old BSI Version

1 പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാൻ ബർന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.
2 ഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാൽ പ്രമാണികളോടു വിവരിച്ചു.
3 എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല.
4 അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.
5 സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
6 പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
7 നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു
8 പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം
9 ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.
10 ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.
11 എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു.
12 യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
13 ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.
14 അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
15 നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല,
16 യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
17 എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല.
18 ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു.
19 ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.
20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×