Bible Versions
Bible Books

Hebrews 2 (MOV) Malayalam Old BSI Version

1 അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.
2 ദൂതന്മാര്‍മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഔരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കില്‍
3 കര്‍ത്താവു താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്‍യ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവര്‍
4 നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?
5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്കല്ലല്ലോ കീഴ്പെടുത്തിയതു.
6 എന്നാല്‍ “മനുഷ്യനെ നീ ഔര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?
7 നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി,
8 സകലവും അവന്റെ കാല്‍ക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവന്‍ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതില്‍ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാല്‍ ഇപ്പോള്‍ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
9 എങ്കിലും ദൈവകൃപയാല്‍ എല്ലാവര്‍ക്കും വേണ്ടി മരണം ആസ്വദിപ്പാന്‍ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
10 സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവന്‍ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാല്‍ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.
11 വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവന്‍ അവരെ സഹോദരന്മാര്‍ എന്നു വിളിപ്പാന്‍ ലജ്ജിക്കാതെ
12 “ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും”
13 എന്നും “ഞാന്‍ അവനില്‍ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
14 മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
15 തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
16 ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവന്‍ വന്നതു.
17 അതുകൊണ്ടു ജനത്തിന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍ കരുണയുള്ളവനും ദൈവകാര്യത്തില്‍ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്‍ മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു.
18 താന്‍ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും സഹായിപ്പാന്‍ കഴിവുള്ളവന്‍ ആകുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×