Bible Versions
Bible Books

Proverbs 21 (MOV) Malayalam Old BSI Version

1 രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.
2 മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
3 നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.
4 ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.
5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
6 കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
7 ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‍വാൻ അവർക്കു മനസ്സില്ലല്ലോ.
8 അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.
10 ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.
11 പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
12 നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
13 എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
14 രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
15 ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്‌പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
17 ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.
18 ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കും പകരമായ്തീരും.
19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.
20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.
21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
22 ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
23 വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
24 നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
25 മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26 ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27 ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം!
28 കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.
29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
30 യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
31 കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×