Bible Versions
Bible Books

Psalms 105 (MOV) Malayalam Old BSI Version

1 യഹോവേക്കു സ്തോത്രംചെയ്‍വിന്‍ ; തന്‍ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിപ്പിന്‍ .
2 അവന്നു പാടുവിന്‍ ; അവന്നു കീര്‍ത്തനം പാടുവിന്‍ ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന്‍ .
3 അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4 യഹോവയെയും അവന്റെ ബലത്തെയും തിരവിന്‍ ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍ .
5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന്‍ തിരഞ്ഞെടുത്ത യാക്കോബിന്‍ മക്കളുമായുള്ളോരേ,
6 അവന്‍ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്‍ത്തുകൊള്‍വിന്‍ .
7 അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലും ഉണ്ടു.
8 അവന്‍ തന്റെ നിയമത്തെ എന്നേക്കും താന്‍ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്‍ക്കുംന്നു.
9 അവന്‍ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
10 അതിനെ അവന്‍ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
11 നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന്‍ നിനക്കു കനാന്‍ ദേശം തരും എന്നരുളിച്ചെയ്തു.
12 അവര്‍ അന്നു എണ്ണത്തില്‍ കുറഞ്ഞവരും ആള്‍ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
13 അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
14 അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു
15 എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
16 അവന്‍ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
17 അവര്‍ക്കും മുമ്പായി അവന്‍ ഒരാളെ അയച്ചു; യോസേഫിനെ അവര്‍ ദാസനായി വിറ്റുവല്ലോ.
18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍ അവന്നു ശോധന വരികയും ചെയ്യുവോളം
19 അവര്‍ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍ ഇരിമ്പു ചങ്ങലയില്‍ കുടുങ്ങുകയും ചെയ്തു.
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
22 തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായും തന്റെ സര്‍വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
23 അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
24 ദൈവം തന്റെ ജനത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26 അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27 ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
28 അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
29 അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
31 അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
32 അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
33 അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34 അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36 അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
37 അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38 അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
39 അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
40 അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
41 അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42 അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.
43 അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
44 അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
45 അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×