Bible Versions
Bible Books

Psalms 68 (MOV) Malayalam Old BSI Version

1 ദൈവം എഴുന്നേലക്കുന്നു; അവന്റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പില്‍ നിന്നു ഔടിപ്പോകുന്നു.
2 പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കല്‍ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയില്‍ നശിക്കുന്നു.
3 എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവ സന്നിധിയില്‍ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.
4 ദൈവത്തിന്നു പാടുവിന്‍ , അവന്റെ നാമത്തിന്നു സ്തുതി പാടുവിന്‍ ; മരുഭൂമിയില്‍കൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിന്‍ ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പില്‍ ഉല്ലസിപ്പിന്‍ .
5 ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കും പിതാവും വിധവമാര്‍ക്കും ന്യായപാലകനും ആകുന്നു.
6 ദൈവം ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്നു; അവന്‍ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാല്‍ മത്സരികള്‍ വരണ്ട ദേശത്തു പാര്‍ക്കും.
7 ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയില്‍കൂടി നടകൊണ്ടപ്പോള്‍ - സേലാ -
8 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.
9 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10 നിന്റെ കൂട്ടം അതില്‍ പാര്‍ത്തു; ദൈവമേ, നിന്റെ ദയയാല്‍ നീ അതു എളിയവര്‍ക്കുംവേണ്ടി ഒരുക്കിവെച്ചു.
11 കര്‍ത്താവു ആജ്ഞ കൊടുക്കുന്നു; സുവാര്‍ത്താദൂതികള്‍ വലിയോരു ഗണമാകുന്നു.
12 സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഔടുന്നു, ഔടുന്നു; വീട്ടില്‍ പാര്‍ക്കുംന്നവള്‍ കവര്‍ച്ച പങ്കിടുന്നു.
13 നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14 സര്‍വ്വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോനില്‍ ഹിമം പെയ്യുകയായിരുന്നു.
15 ബാശാന്‍ പര്‍വ്വതം ദൈവത്തിന്റെ പര്‍വ്വതം ആകുന്നു. ബാശാന്‍ പര്‍വ്വതം കൊടുമുടികളേറിയ പര്‍വ്വതമാകുന്നു.
16 കൊടുമുടികളേറിയ പര്‍വ്വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വ്വതത്തെ നിങ്ങള്‍ സ്പര്‍ദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതില്‍ എന്നേക്കും വസിക്കും.
17 ദൈവത്തിന്റെ രഥങ്ങള്‍ ആയിരമായിരവും കോടികോടിയുമാകുന്നു; കര്‍ത്താവു അവരുടെ ഇടയില്‍, സീനായില്‍, വിശുദ്ധമന്ദിരത്തില്‍ തന്നേ.
18 നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
19 നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
20 ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തില്‍നിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവേക്കുള്ളവ തന്നേ.
21 അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തില്‍ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.
22 നീ നിന്റെ ശത്രുക്കളുടെ രക്തത്തില്‍ കാല്‍ മുക്കേണ്ടതിന്നും അവരുടെ മാംസത്തില്‍ നിന്റെ നായ്ക്കളുടെ നാവിന്നു ഔഹരി കിട്ടേണ്ടതിന്നും
23 ഞാന്‍ അവരെ ബാശാനില്‍നിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളില്‍നിന്നു അവരെ മടക്കിവരുത്തും.
24 ദൈവമേ, അവര്‍ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25 സംഗീതക്കാര്‍ മുമ്പില്‍ നടന്നു; വീണക്കാര്‍ പിമ്പില്‍ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.
26 യിസ്രായേലിന്റെ ഉറവില്‍നിന്നുള്ളോരേ, സഭായോഗങ്ങളില്‍ നിങ്ങള്‍ കര്‍ത്താവായ ദൈവത്തെ വാഴ്ത്തുവിന്‍ .
27 അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
28 നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
29 യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.
30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
31 മിസ്രയീമില്‍നിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തില്‍ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
32 ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിന്‍ ; കര്‍ത്താവിന്നു കീര്‍ത്തനം ചെയ്‍വിന്‍ . സേലാ.
33 പുരാതനസ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവന്നു പാടുവിന്‍ ! ഇതാ, അവന്‍ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.
34 ദൈവത്തിന്നു ശക്തി കൊടുപ്പിന്‍ ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35 ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നീ ഭയങ്കരനായ്‍വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; സാരസരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×