Bible Versions
Bible Books

Psalms 81 (MOV) Malayalam Old BSI Version

1 നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .
2 തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന്‍ .
3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്‍ണ്ണമാസിയിലും കാഹളം ഊതുവിന്‍ .
4 ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിന്‍ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
5 മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.
6 ഞാന്‍ അവന്റെ തോളില്‍നിന്നു ചുമടുനീക്കി; അവന്റെ കൈകള്‍ കൊട്ട വിട്ടു ഒഴിഞ്ഞു.
7 കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.
8 എന്റെ ജനമേ, കേള്‍ക്ക, ഞാന്‍ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കില്‍ കൊള്ളായിരുന്നു.
9 അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
10 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തില്‍ തുറക്ക; ഞാന്‍ അതിനെ നിറെക്കും.
11 എന്നാല്‍ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല്‍ എന്നെ കൂട്ടാക്കിയതുമില്ല.
12 അതുകൊണ്ടു അവര്‍ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
13 അയ്യോ എന്റെ ജനം എന്റെ വാക്കു കേള്‍ക്കയും യിസ്രായേല്‍ എന്റെ വഴികളില്‍ നടക്കയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
14 എന്നാല്‍ ഞാന്‍ വേഗത്തില്‍ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
15 യഹോവയെ പകെക്കുന്നവര്‍ അവന്നു കീഴടങ്ങുമായിരുന്നു; എന്നാല്‍ ഇവരുടെ ശുഭകാലം എന്നേക്കും നിലക്കുമായിരുന്നു.
16 അവന്‍ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയില്‍നിന്നുള്ള തേന്‍ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×