Bible Versions
Bible Books

Ephesians 4 (MOV) Malayalam Old BSI Version

1 കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നതുനിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം
2 പൂര്‍ണ്ണവിനയത്തോടും സൌമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും
3 ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍ .
4 നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
5 കര്‍ത്താവു ഒരുവന്‍ , വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവര്‍ക്കും മീതെയുള്ളവനും
6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍ .
7 എന്നാല്‍ നമ്മില്‍ ഔരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
8 അതുകൊണ്ടു“അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
9 കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
10 ഇറങ്ങിയവന്‍ സകലത്തെയും നിറെക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
11 അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
12 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം
13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവര്‍ദ്ധനെക്കും ആകുന്നു.
14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്റെ ഔരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ
15 സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും.
16 ശരീരം മുഴുവനും യുക്തമായി ചേര്‍ന്നും ഏകീഭവിച്ചും ഔരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വര്‍ദ്ധനെക്കായി അവനില്‍ നിന്നു വളര്‍ച്ച പ്രാപിക്കുന്നു.
17 ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാല്‍ജാതികള്‍ തങ്ങളുടെ വ്യര്‍ത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുതു.
18 അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,
19 ദൈവത്തിന്റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
20 നിങ്ങളോ യേശുവില്‍ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനില്‍ ഉപദേശം ലഭിച്ചു എങ്കില്‍
21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.
22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍ .
25 ആകയാല്‍ ഭോഷകു ഉപേക്ഷിച്ചു ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍ ; നാം തമ്മില്‍ അവയവങ്ങളല്ലോ.
26 കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു.
27 പിശാചിന്നു ഇടം കൊടുക്കരുതു.
28 കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
29 കേള്‍ക്കുന്നവര്‍ക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവര്‍ദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുതു.
30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
31 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
32 നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×