Bible Versions
Bible Books

Exodus 24 (MOV) Malayalam Old BSI Version

1 അവന്‍ പിന്നെയും മോശെയോടുനീയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരും യഹോവയുടെ അടുക്കല്‍ കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിന്‍ .
2 മോശെ മാത്രം യഹോവേക്കു അടുത്തുവരട്ടെ. അവര്‍ അടുത്തു വരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.
3 എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.
4 മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പര്‍വ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.
5 പിന്നെ അവര്‍ യിസ്രായേല്‍മക്കളില്‍ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ചു യഹോവേക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.
6 മോശെ രക്തത്തില്‍ പാതി എടുത്തു പാത്രങ്ങളില്‍ ഒഴിച്ചു; രക്തത്തില്‍ പാതി യാഗപീഠത്തിന്മേല്‍ തളിച്ചു.
7 അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്നു അവര്‍ പറഞ്ഞു.
8 അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേല്‍ തളിച്ചു; സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
9 അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരുംകൂടെ കയറിച്ചെന്നു.
10 അവര്‍ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
11 യിസ്രായേല്‍മക്കളുടെ പ്രമാണികള്‍ക്കു തൃക്കയ്യാല്‍ ഒന്നും ഭവിച്ചില്ല; അവര്‍ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങള്‍ കഴിച്ചു.
12 പിന്നെ യഹോവ മോശെയോടുനീ എന്റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
13 അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പര്‍വ്വത്തില്‍ കയറി.
14 അവന്‍ മൂപ്പന്മാരോടുഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരുവോളം ഇവിടെ താമസിപ്പിന്‍ ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്‍ക്കെങ്കിലും വല്ല കാര്യവുമുണ്ടായാല്‍ അവന്‍ അവരുടെ അടുക്കല്‍ ചെല്ലട്ടെ എന്നു പറഞ്ഞു.
15 അങ്ങനെ മോശെ പര്‍വ്വതത്തില്‍ കയറിപ്പോയി; ഒരു മേഘം പര്‍വ്വതത്തെ മൂടി.
16 യഹോവയുടെ തേജസ്സും സീനായി പര്‍വ്വതത്തില്‍ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്റെ നടുവില്‍ നിന്നു മോശെയെ വിളിച്ചു.
17 യഹോവയുടെ തേജസ്സിന്റെ കാഴ്ച പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീപോലെ യിസ്രായേല്‍മക്കള്‍ക്കു തോന്നി.
18 മോശെയോ മേഘത്തിന്റെ നടുവില്‍ പര്‍വ്വതത്തില്‍ കയറി. മോശ നാല്പതു പകലും നാല്പതു രാവും പര്‍വ്വതത്തില്‍ ആയിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×