Bible Versions
Bible Books

Matthew 2 (MOV) Malayalam Old BSI Version

1 ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
2 യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
5 അവർ അവനോടു: യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ തന്നേ:
6 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
7 എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
8 അവരെ ബേത്ത്ളേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്ക്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
9 രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
10 നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:
11 വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
12 ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13 അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
15 ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
16 വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
17 “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
18 എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
19 എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
20 ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
21 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
22 എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×