Bible Versions
Bible Books

2 Samuel 22 (MOV) Malayalam Old BSI Version

1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യില്‍നിന്നും ശൌലിന്റെ കയ്യില്‍ നിന്നും വിടുവിച്ചശേഷം അവന്‍ യഹോവേക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാല്‍
2 യഹോവ എന്റെ ശൈലവും എന്‍ കോട്ടയും എന്റെ രക്ഷകനും ആകുന്നു.
3 എന്റെ പാറയായ ദൈവം; അവനില്‍ ഞാന്‍ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തില്‍നിന്നു രക്ഷിക്കുന്നു.
4 സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളില്‍നിന്നു താന്‍ എന്നെ രക്ഷിക്കും.
5 മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു;
6 പാതാളപാശങ്ങള്‍ എന്നെ ചുഴന്നു; മരണത്തിന്റെ കണികള്‍ എന്റെമേല്‍ വീണു.
7 എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില്‍ എത്തി.
8 ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.
9 അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി, അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.
10 അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.
11 അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിന്‍ ചിറകിന്മേല്‍ പ്രത്യക്ഷനായി.
12 അവന്‍ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.
13 അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ തീക്കനല്‍ ജ്വലിച്ചു.
14 യഹോവ ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു.
15 അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.
16 യഹോവയുടെ ഭത്സനത്താല്‍, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാല്‍ കടലിന്റെ ചാലുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.
17 അവന്‍ ഉയരത്തില്‍നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു.
18 ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവര്‍ ആയിരുന്നു.
19 എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.
20 അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
21 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
22 ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
23 അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങള്‍ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.
24 ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.
25 യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയില്‍ എന്റെ നിര്‍മ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
26 ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ .
27 നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
28 എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.
29 യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30 നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.
31 ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിച ആകുന്നു.
32 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
33 ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവന്‍ വഴി നടത്തുന്നു.
34 അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.
35 അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.
36 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37 ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.
38 ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നൊടുക്കി അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
39 അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തൊടുക്കി; അവര്‍ എന്റെ കാല്‍ക്കീഴില്‍ വീണിരിക്കുന്നു.
40 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
41 എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
42 അവര്‍ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവന്‍ ഉത്തരം അരുളിയതുമില്ല.
43 ഞാന്‍ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ ചവിട്ടി ചിതറിച്ചു.
44 എന്റെ ജനത്തിന്റെ കലഹങ്ങളില്‍നിന്നും നീ എന്നെ വിടുവിച്ചു, ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
45 അന്യജാതിക്കാര്‍ എന്നോടു അനസരണഭാവം കാണിക്കും; അവര്‍ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.
46 അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചു കൊണ്ടുവരുന്നു.
47 യഹോവ ജീവിക്കുന്നു; എന്‍ പാറ വാഴ്ത്തപ്പെട്ടവന്‍ . എന്‍ രക്ഷയുടെ പാറയായ ദൈവം ഉന്നതന്‍ തന്നേ.
48 ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
49 അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍നിന്നു നീ എന്നെ വിടുവിക്കുന്നു.
50 അതുകൊണ്ടു, യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
51 അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×